Tuesday, 26 July 2016

ഇറോം ചാനു ഷര്‍മിള എന്നാല്‍ നിശ്ചയദാര്‍ഢ്യം


ഇറോം ഷര്‍മിള 16 വര്‍ഷം നീണ്ട സമരം അവസാനിപ്പിക്കുന്നു; ഇനി രാഷ്ട്രീയത്തിലേക്ക്

ഇംഫാല്‍ • മണിപ്പൂരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം നീക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ഇറോം ഷര്‍മിള നീണ്ട 16 വര്‍ഷമായി നടത്തിവരുന്ന ഉപവാസ സമരം അവസാനിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്‍പതിനു സമരം അവസാനിപ്പിക്കാനാണ് തീരുമാനം. വരുന്ന മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ ഇറോം ഷര്‍മിള മല്‍സരിക്കും.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ മറുപടിയില്ലാത്തതിനാല്‍ ഞാന്‍ ഉപവാസം അവസാനിപ്പിക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങും. വിദേശ ശക്തികളെ ഒഴിപ്പിക്കാന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും ഉപവാസത്തിന്റെ മാര്‍ഗമാണ് സ്വീകരിച്ചിരുന്നത്- ഷര്‍മിള പറഞ്ഞു.

സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ അഞ്ചിനാണ് ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്.



ആത്മഹത്യാശ്രമക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി ട്യൂബിലൂടെ ഭക്ഷണം നല്‍കിയാണു ഷര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

സൈനികനിയമം

പ്രത്യേക സൈനികനിയമം (ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്‌ട് 1958 - അഫ്സ്പ) മണിപ്പൂരിന് ബാധകമാക്കിയത് 2000 നവംബര്‍ അഞ്ചിനാണ്. നവംബര്‍ രണ്ടിന് ഇംഫാല്‍ വിമാനത്താവളത്തിനു സമീപം 10 പേര്‍ അസം റൈഫിള്‍സുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇത് വ്യാജഏറ്റുമുട്ടല്‍ ആയിരുന്നെന്നാണ് ആരോപണം. ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്നതാണു നിയമം എന്നാണ് ഇതിനെതിരെ പോരാടുന്ന സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഷര്‍മിളയുടെ സമരത്തെത്തുടര്‍ന്ന് ജീവന്‍ റെഡ്ഡി അധ്യക്ഷനായി ഒരു സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. തുടര്‍ന്ന് സൈനികനിയമം ഭാഗികമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ നിര്‍ദേശം സംഘടനകള്‍ തള്ളി.

ഇറോം ശര്‍മിളയുടെ സഹന വഴികളിലൂടെ

2000 നവംബര്‍ 2: ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമരം നടത്തിയവര്‍ക്കു നേരെ അസം റൈഫിള്‍സ് നടത്തിയ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു.

2000 നവംബര്‍ 5: മണിപ്പൂരില്‍ സായുധസേനാ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള നിരാഹാരം തുടങ്ങി.

2004 ജൂലൈ 11: അസം റൈഫിള്‍സിന്റെ കസ്റ്റഡിയില്‍ തഞ്ജംമ മനോരമ എന്ന യുവതി മരണപ്പെട്ടു

2004 ജൂലൈ 15: 'ഞങ്ങളെ ബലാല്‍സംഗം ചെയ്യുവിന്‍' എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ഒന്‍പതു മണിപ്പൂരി സ്ത്രീകള്‍ പൂര്‍ണനഗ്നരായി അസം റൈഫിള്‍സിന്റെ ഓഫീസിലേക്കു പ്രകടനം നടത്തി.

• ശര്‍മിളയുടെ സമരം കൂടുതല്‍ ജനപിന്തുണ നേടിയതോടെ സായുധ സേനയുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ചു പഠിക്കാനും ബദല്‍ സംവിധാനം നിര്‍ദേശിക്കാനുമായി ജീവന്‍ റെഡ്ഡി അധ്യക്ഷനായ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.

2004 ഓഗസ്റ്റ് 12: മണിപ്പൂരില്‍ വന്‍ ജനകീയ പ്രക്ഷോഭത്തിനു കാരണമായ ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്‌ട് (അഫ്സ്പ) ഭാഗികമായി പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. തലസ്ഥാനമായ ഇംഫാലിലെ 27 മുനിസിപ്പല്‍ വാര്‍ഡുകളിലും രണ്ട് അയല്‍ ജില്ലകളില്‍പ്പെട്ട ഗ്രേറ്റര്‍ ഇംഫാലിലുമാണ് അഫ്സ്പ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഈ നിര്‍ദേശം പക്ഷേ, പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന 32 സംഘടനകളും തള്ളി. സംസ്ഥാനത്തു മുഴുവന്‍ ഈ നിയമം റദ്ദാക്കി അസം റൈഫിള്‍സിനെ പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

2006 ഫെബ്രുവരി 6: സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്നും പകരം മാനുഷിക മുഖമുള്ള മറ്റൊരു നിയമം നടപ്പാക്കണമെന്നും ജീവന്‍ റെഡ്ഡി അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

2006 ഒക്ടോബര്‍ 6: ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ 'മരണം വരെ നിരാഹാര സമരം' നടത്തിയതിന് ആത്മഹത്യക്കുറ്റം ചുമത്തി ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു.

2007: എന്‍ഡി ടിവിയുടെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ശര്‍മിളയ്ക്കു ലഭിച്ചു.

2009 നവംബര്‍ 19: ഇറോം ശര്‍മിളയ്ക്കു മയിലമ്മ ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം (10,001 രൂപ).

2010 മാര്‍ച്ച്‌ 8: ശര്‍മിള ജയില്‍ മോചിതയായി.

2010 മാര്‍ച്ച്‌ 11: പൊറാംപത്തില്‍ റിലേ സമരപ്പന്തലില്‍ എത്തി നിരാഹാരം തുടര്‍ന്ന ശര്‍മിളയെ വീണ്ടും അറസ്റ്റു ചെയ്ത് ആശുപത്രിയിലാക്കി.

2010 നവംബര്‍ 3: ഷര്‍മിളയ്ക്ക് ഐഐപിഎമ്മിന്റെ രവീന്ദ്രനാഥ ടഗോര്‍ സമാധാന പുരസ്കാരം. 51 ലക്ഷം രൂപയും സ്വര്‍ണ മെഡലുമടങ്ങുന്നതാണു പുരസ്കാരം.

• 2010-ലെ ഏഷ്യന്‍ ഹ്യൂമന്‍റൈറ്റ്സ് കമ്മിഷന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചു.

2011 സെപ്റ്റംബര്‍ 1: അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ ഉപവാസ സമരം കുറെയൊക്കെ കൃത്രിമമായിരുന്നുവെന്ന് ഇറോം ശര്‍മിള. അണ്ണായുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി അംഗീകരിച്ചെങ്കില്‍ എന്തുകൊണ്ടു തന്റെ ആവശ്യം അംഗീകരിക്കുന്നില്ലെന്നു ചോദിച്ച ഷര്‍മിള, 'എന്റെ സമരം കൊട്ടിഘോഷിക്കാന്‍ ആരുമില്ല. പക്ഷപാതം കൂടാതെ പ്രധാനമന്ത്രി നീതി പാലിക്കണം' എന്നും ആവശ്യപ്പെട്ടു.

2012 മെയ് 5: കോവിലന്‍ ട്രസ്റ്റിന്റെ പ്രഥമ കോവിലന്‍ സ്മാരക ആക്ടിവിസ്റ്റ് ഇന്ത്യ പുരസ്കാരം (50,001 രൂപ) ഇറോം ശര്‍മിളയ്ക്ക്.

2013 ഡിസംബര്‍ 19: ഇറോം ശര്‍മിളയെ അറസ്റ്റ് ചെയ്തു ജനുവരി 3 0നു ഹാജരാക്കാന്‍ ഡല്‍ഹി കോടതി വാറന്റ് പുറപ്പെടുവിച്ചു. 2006 ല്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ മരണംവരെ ഉപവാസം പ്രഖ്യാപിച്ച്‌ ആത്മഹത്യക്കു ശ്രമിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണിത്.

28 മെയ് 2014: ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്‌ട് പിന്‍വലിച്ചാല്‍ താന്‍ നിരാഹാരമുപേക്ഷിക്കാന്‍ തയാറാണെന്നു ഡല്‍ഹി പട്യാല ഹൗസ് മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കോടതിയില്‍ വിചാരണയ്ക്കിടെ ഇറോം ശര്‍മിള അറിയിച്ചു.

2014 ഓഗസ്റ്റ് 19: മണിപ്പൂരിലെ സെഷന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്ന് ഇറോം ശര്‍മിള ജയില്‍ മോചിതയായി.

2014 ഓഗസ്റ്റ് 22: ജയില്‍ മോചിതയായ ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റു ചെയ്തു. നിരാഹാരം തുടരുമെന്നു പ്രഖ്യാപിക്കുകയും ആഹാരം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നു പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

2016 ജൂലൈ 26: നിരാഹാരം അവസാനിപ്പിക്കുന്നതായി ഇറോം ശര്‍മിള പ്രഖ്യാപിക്കുന്നു. 2016 ഓഗസ്റ്റ് ഒന്‍പതിനു സമരം അവസാനിപ്പിക്കാനാണ് തീരുമാനം
കടപ്പാട് (മനോരമ )


No comments:

Post a Comment