➲Islamic Media Mission:
ആബിദ് : ആദര്‍ശം പണയം വെക്കാത്ത പ്രവര്‍ത്തകന്‍
-------------
ജീവിതത്തില്‍ ഇനിയുമൊരുപാട് ബാക്കി വെച്ച് ആബിദ് നമ്മോട് വിട പറഞ്ഞു. മുപ്പതാണ്ടേ ജീവിച്ചിരുന്നുവെങ്കിലും ഒരു നൂറ്റാണ്ടു കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട ഭാരിച്ച ചുമതലകള്‍ പൂര്‍ത്തിയാക്കിയായിരുന്നു ആ വിനയാന്വിതനായ ചെറുപ്പക്കാരന്‍ ഭൂമിയില്‍ നിന്ന് പറന്നകന്നത്. ചെറുപ്പത്തില്‍ തന്നെ ഉപ്പ മരിച്ചതിനാല്‍ അനാഥനായാണ് അദ്ദേഹം വളര്‍ന്നത്. എന്നാല്‍ അനാഥത്വത്തിന്റെ വേദന ഒട്ടും അറിയിക്കാതെയാണ് ആബിദടക്കമുള്ള മൂന്ന് മക്കളെ ഉമ്മ വളര്‍ത്തിയത്. പാതിരാ വഅളുകളിലും ഖുര്‍ആന്‍ ക്ളാസുകളിലും ആവേശത്തോടെ പങ്കെടുത്തിരുന്ന ഉമ്മയും വല്യുമ്മയുമായിരുന്നു അദ്ദേഹത്തന്റെ ആത്മീയ ജീവിതത്തെ ചിട്ടപ്പെടുത്തിയത്.
കല്ലരട്ടിക്കല്‍ എല്‍.പി സ്കൂളിലും മൂര്‍ക്കനാട് ഹൈസ്കൂളിലുമായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിലെ ധിഷണാ ശാലിയായ വിദ്യാര്‍ത്ഥിയെ വായിച്ചറിഞ്ഞ നാട്ടിലെ മുതിര്‍ന്ന സംഘടനാ പ്രവര്‍ത്തകരാണ് ഉപരി പഠനാര്‍ത്ഥം അദ്ദേഹത്തെ ചെറുവാടി തര്‍ബിയത്തിലേക്കയക്കുന്നത്. തന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ മാറ്റം. തനിക്ക് കടന്നു ചെല്ലാനുള്ള കിളിവാതിലുകളെ കുറിച്ച് അദ്ദേഹത്തിന് അവബോധം നല്‍കുന്നതും അവരിലെ ആദര്‍ശ പോരാളിക്ക് വിത്ത് പാകുന്നതും ഇവിടെ വെച്ചാണ്.
• ആദര്‍ശം പണയം വെക്കാത്ത പ്രവര്‍ത്തകന്‍
വിഭാഗ ഭേതമന്യേ വൃദ്ധരും കുട്ടികളും യുവാക്കളുമടങ്ങുന്ന സ്നേഹ വലയം തീര്‍ത്ത ആബിദ് ഇതര പ്രാസ്ഥാനിക ബന്ധുക്കളെയും തന്നിലേക്കടുപ്പിച്ചിരുന്നു. എന്നാല്‍ ആദര്‍ശ വിശ്വാസ കാര്യങ്ങളില്‍ ഒരു വിട്ടു വീഴ്ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല. അങ്ങാടികളിള്‍ വഹ്ഹാബി നേതൃത്വത്തിന്റെയും മുറിമൌലവിമാരുടെയും പേടി സ്വപ്മായിരുന്നു ആബിദ്. അദ്ദേഹത്തിന്റെ കൂരമ്പു പോലുള്ള ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പതറുന്ന വഹ്ഹാബി നേതൃത്വം തെക്കുംമുറിയുടെ മിക്ക സായാഹ്ന്ങ്ങളിലെയും കാഴ്ചയാണ്. സൈബര്‍ ലോകത്ത് വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറുമ്പോഴും അദ്ദേഹം കാത്തുസൂക്ഷിച്ച ജീവിത വിശുദ്ധി വിവരണാധീതമാണ്. പുരോഗമ കാഴ്ചപ്പാടിന്റെ അതിപ്രസരം സമൂഹത്തെ മുച്ചൂടം കാര്‍ന്നു തിന്നതിന്റെ ഫലമായി പാരമ്പര്യ വിശ്വാസങ്ങള്‍ പലതും സമൂഹത്തില്‍ നിന്ന് എടുത്തുപോയിട്ടുണ്ട്. മയ്യിത്ത് പൊതുദര്‍ശനത്തിന് വെക്കുന്ന സമയം പുരുഷന്മാരെ അന്യ സ്ത്രീകള്‍ കാണുന്ന പ്രവണത ഇസ്ലാമില്‍ നിഷിദ്ധമാണ്. എന്നാല്‍ ഇന്ന് ഇതൊരു പഴഞ്ചനായാണ് പൊതുജനം കണക്കാക്കുന്നത്. സമൂഹത്തിലെ എന്തിനും യുക്തിയുടെ ചായം പൂശുന്ന പുരോഗമ വര്‍ഗം ഇതിനു മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ ആബിദിന്റെ മയ്യിത്ത് വീട്ടിലേക്ക് കൊണ്ടുവന്ന സമയം"ജീവിതത്തില്‍ ഒരു അന്യസ്ത്രീയെ പോലും മനപ്പൂര്‍വം നോക്കിയിട്ടില്ലാത്ത എന്റെ മോന്റെ മയ്യിത്ത് ഒരു അന്യസ്ത്രീയെപ്പോലും കാണിക്കല്ലാ ഉസ്താദേ" എന്ന ഉമ്മയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയിലേക്കും ഒരു പ്രവര്‍ത്തകന്‍ എത്ര സമര്‍ത്ഥമായാണ് തന്റെ കുടുംബത്തെ ആദര്‍ശ വഴിയില്‍ വഴി നടത്തിയത് എന്നതിലേക്കും വിരല്‍ ചൂണ്ടുന്നു.
• ആഗ്രഹം പോലോത്ത മരണം
കൂടിക്കാഴ്ചകളെ പ്രാസ്ഥാനിക ചര്‍ച്ചകളാക്കി മാറ്റാനുള്ള ആബിദിന്റെ കഴിവ് അപാരമായിരുന്നു. പരലോക മോക്ഷം മാത്രം ലാക്കാക്കിയുള്ള പ്രവര്‍ത്തമായിരുന്നു അദ്ദേഹത്തില്‍നിന്നുണ്ടായത്. "മോനേ, നമ്മുടെ സംഘടനയില്‍ പ്രവര്‍ത്തിച്ചതു കൊണ്ട് ഭൌതികമായി കാര്യമായ ഒരു നേട്ടവും നമുക്ക് ലഭിക്കില്ല, പത്തു രൂപ നമ്മുടെ കീശയില്‍ നിന്ന് അങ്ങോട്ട് പോകുക എന്നല്ലാതെ. പക്ഷേ, ഞാന്‍ ഓണ്‍ലൈന്‍ രംഗത്തും സംഘടനാ രംഗത്തും ഓടി നടക്കുന്നത് നാമൊക്കെ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ നമുക്കു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന ഒന്നോ രണ്ടോ ആളുകളുണ്ടാവുമല്ലോ, അതോട് കൂടെ നമുക്ക് വേണ്ടി തഹ്ലീല്‍ ചൊല്ലുന്ന ഒരു ടീമും. ഇതു മാത്രമാണ് എനിക്കൊരു ആശ്വാസം". തന്നോട് സംസാരിച്ചിട്ടുള്ള ഇളം പ്രായക്കാരായ ഏതൊരു സംഘടന പ്രവര്‍ത്തകനോടും അദ്ദേഹം തന്റെ ഈയൊരു ആഗ്രഹം പങ്കുവെച്ചിരിക്കും. അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ അല്ലാഹു സ്വീകരിച്ചതിന്റെ ഉത്തരമായിരുന്നു മാര്‍ച്ച് രണ്ടിനും പിന്നീടുള്ള ദിവസങ്ങളിലും തെക്കുംമുറിയില്‍ കണ്ട സഹസ്രങ്ങള്‍. അവരെല്ലാം ആ നിഷ്കളങ്കനായ പ്രവര്‍ത്തകനു വേണ്ടി കണ്ടമിടറി പ്രാര്‍ത്ഥിക്കുകയായിരുന്നു. കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നടന്ന ജനാസ നിസ്കാരത്തില്‍ കണ്ടമിടറാത്ത ഒരാള്‍ പോലുമുണ്ടായിരുന്നില്ല. മയ്യിത്ത് നിസ്കാരത്തിന്റെ നിശബ്ദതയെ ഭേതിക്കാന്‍ പലപ്പോഴും പ്രവര്‍ത്തകരുടെ തേങ്ങലുകള്‍ കാരണമായി. ജനാസ കബറടക്കുമ്പോഴും ഈയൊരു അവസ്ഥക്ക് വ്യത്യാസമുണ്ടായിരുന്നില്ല. കരഞ്ഞു കലങ്ങിയ കണ്ണുമായി നിസ്വാര്‍ത്ഥരായ ഒരുപാട് പ്രവര്‍ത്തകരും ആലിമീങ്ങളും കുട്ടികളും ആബിദിന്റെ പരലോക മോക്ഷത്തിന് വേണ്ടി കൈകളുയര്‍ത്തി. ജനാസ കബറടക്കിയതിനു ശേഷവും ആലിമീങ്ങളും മുതഅല്ലിമീങ്ങളും പ്രവര്‍ത്തകരും അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ആ ചെറിയ വീട്ടിലേക്കൊഴുകുന്നു.
സുന്നി ഗ്ളോബല്‍ വോയ്സിലൂടെ ഓണ്‍ലൈന്‍ പ്രവര്‍ത്തന രംഗത്തേക്കിറങ്ങിയ ആബിദ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘടനാ ചലനങ്ങളെ ഒപ്പിയെടുക്കുന്നതില്‍ സദാ ജാഗരൂകനായിരുന്നു. ആഴ്ചകളോളം നീണ്ടുനിന്ന എസ്.വൈ.എസ് സമ്മേളനത്തിന്റെ ഭാഗമായി ഇസ്ലാമിക് മീഡിയ മിഷന്‍ എന്ന ചാനല്‍ നിര്‍മിക്കുന്നതില്‍ മുഖ്യപങ്ക് ആബിദിനായിരുന്നു. നാലു ദിവസം നീണ്ടു നിന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷികത്തിന്റെ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് എത്തിച്ച സംതൃപ്തിയോടെ കുടുംബത്തിലേക്ക് മടങ്ങിയ ആ നിസ്വാര്‍ത്ഥനായ പ്രവര്‍ത്തകന്‍ നമ്മോട് ഒരു വാക്ക്പോലും പറയാതെയാണ് പറന്നകന്നത്. അവരോട് കൂടെ അല്ലാഹു നമ്മേയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ. ആമീന്‍

No comments:
Post a Comment