Sunday, 28 October 2012

ഒരു പ്രവാസിയുടെ ജീവിതാനുഭവം ജിദ്ദയിലെ കുടുംബസംഗമത്തില്‍ വിവരിച്ചപ്പോള്‍

സൗദി തലസ്ഥാനമായ റിയാദില്‍ 35 വര്‍ഷം ടാക്സി ഡ്രൈവറായി ജോലിചെയ്ത്
ജീവിതസായാഹ്നത്തില്‍ ‘വിശ്രമജീവിതം’ നയിക്കാനായി സ്വദേശത്തേക്കു മടങ്ങിയ
കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ഒരു പ്രവാസിയുടെ ജീവിതാനുഭവം ജിദ്ദയിലെ
കുടുംബസംഗമത്തില്‍ വിവരിച്ചപ്പോള്‍ സദസ്സിന്‍െറ ഒരു മൂലയില്‍നിന്ന്
കേള്‍ക്കേണ്ടിവന്ന കൂട്ടത്തേങ്ങലുകള്‍ കാതുകളില്‍ ഇപ്പോഴും നോവായി
അലയടിക്കുന്നുണ്ട്. മലയാളികള്‍ ഗള്‍ഫ്സ്വപ്നങ്ങള്‍ താലോലിച്ചുനടന്ന
എഴുപതുകളുടെ തുടക്കത്തില്‍തന്നെ ഹജ്ജ് തീര്‍ഥാടകനായി സൗദിയിലെത്തുകയും
മരുക്കാട്ടില്‍ ജീവസന്ധാരണത്തിന്‍െറ വഴികണ്ടെത്തുകയും ചെയ്ത ആ മനുഷ്യന്‍
തന്‍െറ ആയുസ്സും വപുസ്സും കിനാക്കളുടെ അള്‍ത്താരയില്‍
ബലികൊടുക്കുകയായിരുന്നു. അതിനിടയില്‍, ദേശീയപാതയരികില്‍ കൂറ്റന്‍ ഇരുനില വീട്
പണികഴിപ്പിച്ചു. നാലു മക്കളില്‍ ഒരു ആണ്‍കുട്ടിയെയും ഒരു പെണ്‍കുട്ടിയെയും
ഡോക്ടറാക്കി; മറ്റു രണ്ടുപേരെ എന്‍ജിനീയര്‍മാരും. മക്കളുടെ
വിദ്യാഭ്യാസകാര്യത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച അതീവതാല്‍പര്യം
പ്രദേശത്തുകാര്‍ക്കിടയില്‍ മതിപ്പുളവാക്കി. പക്ഷേ, നാട്ടുകാരോ ബന്ധുക്കളോ ഈ
മനുഷ്യനെക്കുറിച്ച് മാത്രം ചിന്തിച്ചില്ല. മക്കളുടെ പഠിപ്പിന് വിഘ്നം വരരുത്
എന്നു കരുതി വിമാനക്കൂലി ലാഭിക്കുന്നതിന് മുമ്മൂന്നു കൊല്ലം കൂടുമ്പോള്‍
മാത്രമേ കുടുംബത്തെ കാണാന്‍ നാട്ടിലെത്തിയിരുന്നുള്ളൂ. പ്രവാസം മതിയാക്കി
സൈകതഭൂമിയോട് വിട പറയാന്‍ തീരുമാനിച്ച നിമിഷം ജീവിതത്തിന്‍െറ കണക്കുപുസ്തകം
ഓര്‍മയില്‍നിന്ന് മറിച്ചുനോക്കിയ അയാള്‍ ഞെട്ടി. മൂന്നര പതിറ്റാണ്ടിനിടയില്‍
ഭാര്യയുടെയും മക്കളുടെയും കൂടെ കഴിച്ചുകൂട്ടിയത് ഏതാനും മാസങ്ങള്‍ മാത്രം. ഇനി
തന്നെ കാത്തിരിക്കാന്‍ ഭാര്യ ജീവിച്ചിരിപ്പില്ല എന്ന വേദന അയാളുടെ നെഞ്ചകത്ത്
കനല്‍ കോരിയിട്ടു. അവശനായി കരിപ്പൂരില്‍ വിമാനമിറങ്ങിയപ്പോള്‍
സ്വീകരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ടാക്സി പിടിച്ച് നാട്ടിലെത്തിയ
അയാള്‍ക്ക് തന്‍െറ വിയര്‍പ്പും ചുടുനിശ്വാസങ്ങളുംകൊണ്ട് കെട്ടിപ്പൊക്കിയ
വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. കഷ്ടപ്പെട്ട് പഠിപ്പിച്ച് വലുതാക്കിയ
മക്കള്‍ വിവാഹം കഴിഞ്ഞ് കുടുംബസമേതം വിദേശങ്ങളില്‍ സുഖമായി ജീവിക്കുകയാണ്.
മരുഭൂമിയെക്കാള്‍ വരണ്ട തന്‍െറ ജീവിതത്തിന്‍െറ നിരര്‍ഥകത ഉള്‍ക്കിടിലത്തോടെ
ഉള്‍ക്കൊണ്ട ആ ഹതഭാഗ്യന്‍ സമീപത്തെ പള്ളിവരാന്തയില്‍ അഭയം കണ്ടെത്തി.
അയാള്‍ക്ക് പിന്നീട് കൂടുതല്‍ കഷ്ടപ്പെടേണ്ടിവന്നില്ല. ഒരു പുലരിയില്‍
കഥാപുരുഷന്‍െറ നിശ്ചേതനമായ ശരീരമാണ് സുബ്ഹി ബാങ്ക് വിളിക്കാന്‍ വന്ന മുഅദ്ദിന്
കാണാന്‍ കഴിഞ്ഞത്. ആഘാതമേല്‍ക്കാന്‍ അയാള്‍ക്കും ഒരു ഹൃദയമുണ്ടായിരുന്നല്ലോ.
കൊച്ചിയില്‍ ഈയിടെ അരങ്ങേറിയ ‘എമര്‍ജിങ് കേരള’യിലെ എന്‍.ആര്‍.ഐ സെഷനില്‍
ഗള്‍ഫുകാരന്‍െറ ഇത്തരം ഭാഗ്യനിര്‍ഭാഗ്യങ്ങളെയും മനോവ്യഥകളെയും കുറിച്ച്
നേതാക്കള്‍ വാചാലരായപ്പോള്‍ ലുലു ചെയര്‍മാന്‍ എം.എ. യൂസുഫലി ഗള്‍ഫുകാരോടുള്ള
കേരളീയന്‍െറ പൊതുവായ നിഷേധാത്മക നിലപാട് തുറന്നുകാട്ടിയാണ് ധര്‍മരോഷം
കൊണ്ടത്. ഗള്‍ഫ് പ്രവാസികളുടെ രണ്ടു തലമുറകള്‍ വീട്ടുകാര്‍ക്കും
നാട്ടുകാര്‍ക്കുംവേണ്ടി മരുഭൂവില്‍ ജീവിതം ഹോമിച്ചെങ്കില്‍ അവരുടെ
പേരക്കിടാങ്ങള്‍ക്കെങ്കിലും സ്വന്തം നാട്ടില്‍ മറ്റുള്ളവരെപ്പോലെ
ജീവിക്കാനുള്ള അവസരം നല്‍കണമെന്ന് യൂസുഫലി വികാരഭരിതനായി അപേക്ഷിക്കുന്നതു
കേട്ട് വ്യവസ്ഥിതിയുടെ കാവലാളുകളായ ഭരണ-രാഷ്ട്രീയ നേതൃത്വത്തിന്
കുറ്റബോധംകൊണ്ട് തലകുനിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ. കാരണം, ഏതെങ്കിലും ഒരു
ജനവിഭാഗത്തോട് നമ്മുടെ രാഷ്ട്രീയ നേതൃത്വവും ഭരണവര്‍ഗവും മാപ്പര്‍ഹിക്കാത്ത
കൃതഘ്നതയും അവഗണനയും കാണിച്ചിട്ടുണ്ടെങ്കില്‍ അത് ഗള്‍ഫ് പ്രവാസികളോടാണ്.
പ്രതിവര്‍ഷം 50,000 കോടി രൂപയാണത്രെ നമ്മുടെ നാട്ടിലേക്ക് ഈ പാവങ്ങളുടെ
അധ്വാനഫലമായി ഒഴുകുന്നത്. കൊടിശ്ശീലകളുടെ നിറഭേദമന്യേ എല്ലാ രാഷ്ട്രീയ
കക്ഷികളും ഗള്‍ഫുകാരനെ നാട്ടിലും മറുനാട്ടിലും ചൂഷണം ചെയ്യുന്നു.
ഫണ്ടിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍തന്നെ ഏതു പാര്‍ട്ടി നേതാവും ആദ്യമായി
ചെയ്യുന്നത് ഗള്‍ഫിലേക്ക് വിമാനടിക്കറ്റ് എടുക്കുകയാണ്. ബിസിനസുകാരും
വ്യവസായികളും മാത്രമല്ല, സാധാരണക്കാരായ കൂലിവേലക്കാര്‍പോലും ഈ സന്ദര്‍ശകരുടെ
കറവപ്പശുക്കളാണ്. തങ്ങള്‍ക്ക് എല്ലാ നിലക്കും താങ്ങും തണലുമായി
വര്‍ത്തിക്കുന്ന ഗള്‍ഫ് പ്രവാസികള്‍ക്കുവേണ്ടി ഇന്നേവരെ ഏതെങ്കിലും രാഷ്ട്രീയ
നേതാവ് ആത്മാര്‍ഥമായി വല്ലതും ചെയ്തതായി അവകാശപ്പെടാനാവുമോ?
അരനൂറ്റാണ്ടാവുന്ന ഗള്‍ഫ് പ്രവാസത്തിന്‍െറ പ്രാരംഭനാള്‍ തൊട്ട് അനുഭവിക്കുന്ന
യാത്രാപ്രശ്നം ഇന്ന് അതിന്‍െറ മൂര്‍ദ്ധന്യതയിലെത്തിയപ്പോഴാണ് വിവിധ
കോണുകളില്‍നിന്ന് പ്രതിഷേധസ്വരമെങ്കിലും കേള്‍ക്കാനായത്. എയര്‍ ഇന്ത്യ
ഒറ്റയടിക്ക് ഒട്ടനവധി ഷെഡ്യൂളുകള്‍ റദ്ദാക്കി നിരുത്തരവാദിത്തത്തിന്‍െറ
റെക്കോഡുകള്‍ ഭേദിക്കേണ്ടിവന്നു നമ്മുടെ നേതാക്കള്‍ക്ക് ഗള്‍ഫുകാരുടെ
ദുരിതങ്ങളോര്‍ക്കാന്‍. പ്രതിപക്ഷം സംസ്ഥാന സര്‍ക്കാറിനെയും സംസ്ഥാന
സര്‍ക്കാര്‍ കേന്ദ്രത്തെയും കുറ്റപ്പെടുത്തി കൈകഴുകുകയാണിപ്പോള്‍. എയര്‍
ഇന്ത്യയുടെ കാര്യം വരുമ്പോള്‍ കേന്ദ്രം കൈമലര്‍ത്തുന്നു. മലയാളിയായ വയലാര്‍
രവി കേന്ദ്ര വ്യോമയാനമന്ത്രിയായിരുന്നപ്പോഴും ഈ അവസ്ഥയില്‍ ഒരു
മാറ്റമുണ്ടായില്ല. മുംബൈ ലോബിയുടെ കൈയിലാണ് ദേശീയ വിമാന കമ്പനി. അവിടെ
മലയാളിയുടെ സ്വരത്തിന് വിലയില്ല എന്ന് തിരിച്ചറിഞ്ഞാവണം എം.എ. യൂസുഫലി
ഡയറക്ടര്‍ പദവി വലിച്ചെറിഞ്ഞത്. മുംബൈ ലോബിക്ക് ഗള്‍ഫ് മേഖലയോട് പുച്ഛമാണ്.
റിയാദിലേക്കും ജിദ്ദയിലേക്കും ദുബൈയിലേക്കും പറക്കുന്ന കണ്ടംചെയ്ത
എയര്‍ക്രാഫ്റ്റുകള്‍ ഈ അവഗണനയുടെ അടയാളമാണ്. ഇമ്മട്ടിലുള്ള അവഗണനകള്‍ക്കു
പുറമെയാണ് തരവും സന്ദര്‍ഭവും നോക്കിയുള്ള കഴുത്തറുപ്പന്‍ ചൂഷണം. ഈ സെക്ടറില്‍
എമിറേറ്റ്സും സൗദി എയര്‍ലൈന്‍സും ബജറ്റ് വിമാനങ്ങളായ എയര്‍ അറേബ്യയും ബഹ്റൈന്‍
എയറും മറ്റും കയറിവന്നപ്പോള്‍ നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. പക്ഷേ, എന്നും
നിരക്ക് ഉയര്‍ത്തുന്നതില്‍ നേതൃത്വം കൊടുക്കാറ് നമ്മുടെ ദേശീയ വിമാന
കമ്പനിയാണ്. കഴിഞ്ഞ അവധിക്കാലത്ത് പൈലറ്റുമാരുടെ സമരം കൂടിയായപ്പോള്‍
വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് കൊല്ലത്തിലൊരിക്കലെങ്കിലും
കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള മോഹം മാറ്റിവെക്കേണ്ടിവന്നു.
റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് 3000 റിയാലിലേറെ (40,000 രൂപ) നിരക്ക്
നിശ്ചയിച്ചാല്‍ പ്രതിമാസം 1500-2000 റിയാല്‍ ശമ്പളം വാങ്ങുന്ന പ്രവാസിക്ക്
എങ്ങനെ നാട് സ്വപ്നം കാണാനാവും? മൂന്നംഗ കുടുംബത്തിന് നാട് കണ്ട്
തിരിച്ചുപോരാന്‍ അവന്‍െറ ഒരു വര്‍ഷത്തെ സമ്പാദ്യം മുഴുവനും വേണ്ടിവരും. ആ
ഭാരിച്ച തുക നല്‍കാന്‍ തയാറുള്ളവര്‍ക്കുപോലും ടിക്കറ്റ് കിട്ടാനില്ലാത്ത
അവസ്ഥ സംജാതമായപ്പോള്‍ ജോര്‍ഡന്‍ എയര്‍വേസ്, പാക് എയര്‍വേസ്, ശ്രീലങ്കന്‍
എയര്‍വേസ് തുടങ്ങിയ വിദേശ വിമാന കമ്പനികളെ ആശ്രയിക്കേണ്ടിവന്നു.
പേരിന് മലയാളികളായ ആറു കേന്ദ്രമന്ത്രിമാരുണ്ട് നമുക്ക്. ദല്‍ഹി
രാഷ്ട്രീയത്തിന്‍െറ കടിഞ്ഞാണ്‍ പിടിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍
മനസ്സിരുത്തിയാല്‍ തീരാത്തതാണോ ഗള്‍ഫുകാരുടെ പ്രശ്നങ്ങള്‍? എന്നെങ്കിലും ഈ
ദിശയില്‍ ഗൗരവപൂര്‍ണമായ പരിശ്രമങ്ങള്‍ നടന്നിട്ടുണ്ടോ? കേരളത്തില്‍നിന്നുള്ള
എം.പിമാര്‍ എപ്പോഴെങ്കിലും ഗള്‍ഫ് മലയാളികളുടെ ദുരിതങ്ങള്‍ ബന്ധപ്പെട്ടവരുടെ
ശ്രദ്ധയില്‍ യഥാതഥം കൊണ്ടുവരാന്‍ ആത്മാര്‍ഥ ശ്രമം നടത്തിയിട്ടുണ്ടോ? കേന്ദ്ര
പ്രവാസിമന്ത്രാലയത്തിന്‍െറ തലപ്പത്ത് ഒരു മലയാളി ഇരിക്കാന്‍ തുടങ്ങിയിട്ട്
വര്‍ഷങ്ങളായെങ്കിലും കൊല്ലത്തിലൊരിക്കല്‍ കോടികള്‍ മുടക്കി എന്‍.ആര്‍.ഐ
വി.ഐ.പികളെ പങ്കെടുപ്പിച്ച് പ്രവാസി ഭാരതീയ ദിവസ് എന്ന പേരില്‍ ഒരു മാമാങ്കം
നടത്തുന്നതല്ലാതെ സാധാരണക്കാരായ പ്രവാസികളുടെ ദുരിതങ്ങള്‍ അകറ്റുന്നതിനോ
യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ വല്ലതും ചെയ്തതായി ചൂണ്ടിക്കാണിക്കാന്‍
പറ്റുമോ? വയലാര്‍ രവി സൗദി സന്ദര്‍ശിച്ചപ്പോള്‍ ‘ഹുറൂബ്’
പ്രശ്നത്തില്‍പെട്ട് ഉഴലുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാരെക്കുറിച്ച്
കേട്ടപ്പോള്‍ അന്തംവിട്ടു. കാരണം, അദ്ദേഹം നോവലിസ്റ്റ് ഉറൂബിനെക്കുറിച്ച്
മാത്രമേ അതുവരെ കേട്ടിട്ടുള്ളുവത്രെ. മരുഭൂമിയുടെ വിജനതയില്‍ നരകയാതന
അനുഭവിക്കുന്ന ആട്ടിടയന്മാരുടെ കഥ പഠിക്കാന്‍ അദ്ദേഹത്തിന് ബെന്യാമിന്‍െറ
‘ആടുജീവിതം’ വായിക്കേണ്ടിവന്നു.
വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദിനെപ്പോലെ കൂടക്കൂടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍
സന്ദര്‍ശിക്കുകയും അവിടെ ജോലിചെയ്യുന്ന പച്ചമനുഷ്യരുടെ ദുരിതപൂര്‍ണമായ
ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്ത നേതാവ് വേറെയുണ്ടാവില്ല. ഗള്‍ഫ്
ഭരണത്തലവന്മാരുമായി അദ്ദേഹത്തിനുള്ള വ്യക്തിപരമായ അടുപ്പം മാത്രം മതി പല
മേഖലകളിലും നമുക്ക് കടന്നുകയറ്റം നടത്താന്‍. വിദേശകാര്യ വകുപ്പ് കൈകാര്യം
ചെയ്യുന്ന മലയാളി മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് പ്രവാസികള്‍ക്കായി
ചെയ്യാന്‍ പറ്റുന്ന പല കാര്യങ്ങളുമുണ്ടായിരുന്നു. പക്ഷേ, ഇച്ഛാശക്തിയുടെ
അഭാവത്തില്‍ ഒന്നും നടന്നില്ല. 20 ലക്ഷം ഇന്ത്യക്കാര്‍ ജീവസന്ധാരണം തേടുന്ന
സൗദിയിലെ ദമ്മാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കുകയാണെങ്കില്‍ നിസ്സാര
കാര്യങ്ങള്‍ക്കുപോലും അങ്ങകലെ റിയാദ് ഇന്ത്യന്‍ എംബസിയെ സമീപിക്കേണ്ടിവരുന്ന
ദുരവസ്ഥ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. അതുമാത്രമല്ല, നയതന്ത്രമര്യാദ
അനുസരിച്ച് ഇന്ത്യയില്‍ സൗദിയുടെ പുതിയൊരു കോണ്‍സുലേറ്റ് തുറക്കാനുള്ള
സാഹചര്യം ഒരുങ്ങുകയും ചെയ്യും. മന്ത്രി അഹമ്മദ് മനസ്സിരുത്തുകയാണെങ്കില്‍
പുതിയ കോണ്‍സുലേറ്റ് തിരുവനന്തപുരത്തോ കോഴിക്കോടോ
സ്ഥാപിച്ചെടുക്കാവുന്നതേയുള്ളൂ. എന്നാല്‍, ഈ ദിശയില്‍ ക്രിയാത്മകമായ ഒരു
നീക്കവും ഉണ്ടായില്ല. ഹൈദരാബാദില്‍ താമസിയാതെ സൗദി കോണ്‍സുലേറ്റ്
തുറക്കുമെന്ന് ദല്‍ഹിയിലെ റിയാദ് പ്രതിനിധി അറിയിച്ചതായി റിപ്പോര്‍ട്ട്
വായിക്കാന്‍ കഴിഞ്ഞു. ഏറ്റവും കൂടുതല്‍ കേരളീയര്‍, വിശിഷ്യ മലപ്പുറത്തുകാര്‍
അധിവസിക്കുന്ന സൗദിയുടെ പടിഞ്ഞാറന്‍ മേഖലയിലെ പ്രവാസികള്‍ എല്ലാ
ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്നത് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയാണ്.
ഉത്തരേന്ത്യന്‍ ലോബിയുടെ കൈപ്പിടിയിലുള്ള ഈ നയതന്ത്രാലയത്തിലെ സാമൂഹികക്ഷേമ
കോണ്‍സല്‍ എസ്.ഡി.മൂര്‍ത്തി മാത്രമായിരുന്നു ദക്ഷിണേന്ത്യയില്‍നിന്നുള്ള ഏക
വകുപ്പ് തലവന്‍. ഇദ്ദേഹത്തിന് ജാഫ്നയിലേക്ക് സ്ഥലംമാറ്റ ഉത്തരവ്
വരുന്നുണ്ടെന്നറിഞ്ഞ് മുസ്ലിംലീഗിന്‍െറ പോഷകഘടകമായ കെ.എം.സി.സി അടക്കം
മുഴുവന്‍ മലയാളി സംഘടനകളും മന്ത്രി അഹമ്മദിനെ സമീപിച്ച് മൂര്‍ത്തിയെ
ജിദ്ദയില്‍തന്നെ നിലനിര്‍ത്താന്‍ വേണ്ടത് ചെയ്യണമെന്ന് കേണപേക്ഷിച്ചു. പക്ഷേ,
അദ്ദേഹം ദയാദാക്ഷിണ്യം കാണിച്ചില്ല.
ഗള്‍ഫ് പ്രവാസികള്‍ കാലാകാലമായി അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍
പരിഹരിക്കപ്പെടാതെ വലിയൊരു വിഭാഗം, കണ്ണീരും കഷ്ടപ്പാടുകളും വിധിവിഹിതമായി
എടുത്ത് മരുക്കാട്ടിലെ ജീവിതദുരിതങ്ങളുമായി സമരസപ്പെട്ടുപോകുമ്പോഴാണ്
യാത്രാക്ളേശങ്ങള്‍ക്ക് അറുതി കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത്
എയര്‍ കേരള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മുമ്പും ഇത്തരമൊരാശയം
ഉയര്‍ന്നുവന്നിരുന്നുവെങ്കിലും വഴിമധ്യേ അത് അലസിപ്പോവുകയായിരുന്നു. ഇത്തവണ
എല്ലാ കടമ്പകളും അതിജീവിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി
ആണയിട്ടു പറയുന്നുണ്ടെങ്കിലും എയര്‍ ഇന്ത്യയുടെ ‘പാര’ നേരിടാനും ഇത്തരമൊരു
ശ്രമത്തിനെതിരെ കരുനീക്കങ്ങള്‍ നടത്താനിടയുള്ള ശക്തമായ ഉത്തരേന്ത്യന്‍ ലോബിയെ
പരാജയപ്പെടുത്താനും കേരളത്തില്‍നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കു
ത്രാണിയുണ്ടോ എന്നതാണ് ചോദ്യം. ഈ വിഷയത്തിലെങ്കിലും കക്ഷിപക്ഷങ്ങള്‍ മറന്ന്
കേരളം ഒറ്റക്കെട്ടായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്ന
സ്ഥിതിവിശേഷമുണ്ടായെങ്കില്‍ നന്ന്. അല്ലാത്തപക്ഷം, ഗള്‍ഫ് രാജ്യങ്ങളിലെ
സന്ദര്‍ശനവേളകളില്‍ ലഭിക്കുന്ന ആവേശകരമായ വരവേല്‍പ്പുകള്‍ കണ്ട് ചൊരിയുന്ന
പൊള്ളവാഗ്ദാനങ്ങളുടെ കുപ്പത്തൊട്ടിയില്‍ എയര്‍ കേരളയും തള്ളപ്പെടും.
അപ്പോഴും വഞ്ചിക്കപ്പെടുന്നത് പിറന്ന നാടുമായുള്ള നാഭീനാളബന്ധം
കാത്തുസൂക്ഷിക്കാന്‍ വിയര്‍പ്പൊഴുക്കി സമ്പാദിക്കുന്ന ദിനാറുകളും
ദിര്‍ഹമുകളും നമ്മുടെ നാട്ടിലേക്ക് കൈയഴിച്ചൊഴുക്കുന്ന നിഷ്കളങ്കരായ
പ്രവാസികള്‍തന്നെ.

No comments:

Post a Comment